ಶುಕ್ರವಾರ, ಜನವರಿ 07, 2011

സ്‌ഫോടനങ്ങളെല്ലാം ആര്‍.എസ്.എസ് നിര്‍ദേശപ്രകാരം: അസിമാനന്ദ

Asimanandന്യൂഡല്‍ഹി: മലേഗാവിലെ രണ്ടു സ്‌ഫോടനങ്ങളും സംജോതാ, മക്കാ മസ്ജിദ്, അജ്മീര്‍ ദര്‍ഗ സ്‌ഫോടനങ്ങളും നടത്തിയത് താനും സംഘവുമാണെന്നു മക്കാ മസ്ജിദ് സ്‌ഫോടനക്കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദയുടെ കുറ്റസമ്മതമൊഴി. ആര്‍.എസ്.എസ് നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണു സ്‌ഫോടനങ്ങള്‍ നടത്തിയതെന്നും ഇതിനാവശ്യമായ പണം നല്‍കിയത് ആര്‍.എസ്.എസ് ദേശീയ നിര്‍വാഹകസമിതി അംഗം ഇന്ദ്രേഷ് കുമാറാണെന്നും ഡിസംബര്‍ 18ന് തീസ്ഹസാരി കോടതിയില്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് ദീപക് ദാബാസിനു മുന്നില്‍ സ്വമേധയാ നല്‍കിയ 42 പേജ് വരുന്ന മൊഴിയില്‍ പറയുന്നു. ഈ കുറ്റത്തിന്റെ പേരില്‍ വധശിക്ഷ കിട്ടുമെന്നറിയാം; എന്നാലും തനിക്കു കുറ്റസമ്മതം നടത്തണം എന്നു പറഞ്ഞാണ് അസിമാനന്ദ മൊഴി നല്‍കിയിരിക്കുന്നത്. ആരുടെയും പ്രേരണയോ ഭീഷണിയോ ഇല്ലാതെ സ്വമേധയാ ആണു കുറ്റസമ്മതം നടത്തുന്നതെന്നും അസിമാനന്ദ പറഞ്ഞു. മൊഴി രേഖപ്പെടുത്തുമ്പോള്‍ മജിസ്‌ട്രേറ്റും സ്‌റ്റെനോഗ്രാഫറും മാത്രമാണു കോടതിമുറിയില്‍ ഉണ്ടായിരുന്നത്.
ഇതേ കേസില്‍ ജയിലിലായ ഒരു മുസ്‌ലിം തടവുകാരനുമായുള്ള സൗഹൃദമാണ് താന്‍ കുറ്റസമ്മതം നടത്താന്‍ കാരണമെന്ന് അസിമാനന്ദ പറഞ്ഞു. ഞാന്‍ ഹൈദരാബാദിലെ ചഞ്ചല്‍ഗുഡ ജയിലില്‍ക്കിടക്കുമ്പോള്‍ എന്റെ സഹതടവുകാരിലൊരാള്‍ അബ്ദുല്‍ കലീമായിരുന്നു. മക്കാ മസ്ജിദ് സ്‌ഫോടനക്കേസിലെ പ്രതിയായാണ് അയാളെ അവിടെ പാര്‍പ്പിച്ചിരിക്കുന്നതെന്ന് അയാളുമായി സംസാരിച്ചപ്പോള്‍ എനിക്കു മനസ്സിലായി. ഒന്നരവര്‍ഷമായി അയാള്‍ ജയിലിലാണ്. ജയിലിനുള്ളില്‍ കലീം എന്നെ ഒരുപാടു സഹായിച്ചു. എന്റെ സാധനങ്ങള്‍ എടുത്തുവയ്ക്കാനും എനിക്കു വെള്ളവും ഭക്ഷണവും എത്തിച്ചുതരാനും അയാളായിരുന്നു എന്റെ സഹായി. ഞങ്ങള്‍ നല്ല ബന്ധത്തിലായി. എന്റെ മനസ്സാക്ഷി എന്നോട് ഇതിനു പ്രായശ്ചിത്തം ചെയ്യണമെന്നു നിര്‍ദേശിച്ചു. യഥാര്‍ഥ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടാനും നിരപരാധികള്‍ കഷ്ടപ്പെടാതിരിക്കാനുമാണ് താന്‍ ഇപ്പോള്‍ കുറ്റസമ്മതം നടത്തുന്നത്- കുറ്റസമ്മതമൊഴിയുടെ ആമുഖത്തില്‍ അസിമാനന്ദ പറയുന്നു.
ഇന്ദ്രേഷ് കുമാറും താനും തന്റെ ദാങ് ശബരിദാം ആശ്രമത്തില്‍ വച്ചു 2005ല്‍ കണ്ടിരുന്നുവെന്ന് അസിമാനന്ദ പറയുന്നു. നിരവധി മുതിര്‍ന്ന ആര്‍.എസ്.എസ് നേതാക്കള്‍ക്കൊപ്പമാണ് അയാള്‍ വന്നത്. ബോംബ് സ്‌ഫോടനങ്ങളൊന്നും നിങ്ങള്‍ നടത്തേണ്ടതില്ലെന്നും ആര്‍.എസ്.എസ് ചുമതലപ്പെടുത്തിയതുപ്രകാരം ആദിവാസികള്‍ക്കിടയിലെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ മാത്രം ചെയ്താല്‍ മതിയെന്നും ഇന്ദ്രേഷ് നിര്‍ദേശിച്ചു. ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ സുനില്‍ ജോഷിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. സ്‌ഫോടനങ്ങള്‍ നടത്താന്‍ സുനില്‍ ജോഷിക്ക് പണവും ആളെയും നല്‍കിയിരുന്നത് ഇന്ദ്രേഷായിരുന്നു. ഹൈദരാബാദിലും മക്കാ മസ്ജിദിലും മലേഗാവിലുമെല്ലാം ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ വേണ്ട പ്രേരണ അവര്‍ക്കു നല്‍കിയത് താന്‍തന്നെയായിരുന്നുവെന്ന് അസിമാനന്ദ പറഞ്ഞു. 2002ല്‍ ഹിന്ദുക്ഷേത്രത്തിനു നേരെ മുസ്‌ലിംകള്‍ നടത്തിയ ആക്രമണം തന്നെ വല്ലാതെ അരിശംകൊള്ളിച്ചു. ഇക്കാര്യം ഭരത് റിതേശ്വര്‍, സുനില്‍ ജോഷി, പ്രജ്ഞാ സിങ് ഠാക്കൂര്‍ എന്നിവരോട് ചര്‍ച്ചചെയ്തു.
സ്‌ഫോടനങ്ങള്‍ നടത്തുന്നതിനു സഹായം തേടി മറ്റു പലരെയും സമീപിക്കാന്‍ താന്‍ ജോഷിയെ 25,000 രൂപയും നല്‍കി പറഞ്ഞയച്ചു. ബി.ജെ.പി എം.പി ആദിത്യനാഥിന്റെ അടുക്കലാണു ജോഷി പോയത്. എന്നാല്‍, അയാള്‍ വേണ്ട സഹായമൊന്നും ചെയ്യാനിടയില്ലെന്നു ജോഷി എന്നോടു പറഞ്ഞു. 2006 ജൂണ്‍ മുതല്‍ സ്‌ഫോടനങ്ങള്‍ നടത്താന്‍ വിവിധ യോഗങ്ങള്‍ ചേര്‍ന്നതായി അസിമാനന്ദ പറയുന്നു. 80 ശതമാനം മുസ്‌ലിംകളുള്ള സ്ഥലമായതിനാല്‍ മലേഗാവില്‍ സ്‌ഫോടനം നടത്തണമെന്ന് ഞാനവരോടു പറഞ്ഞു. വിഭജനത്തിന്റെ സമയത്ത് (ഹൈദരാബാദ് നവാബ്) നൈസാം പാകിസ്താനൊപ്പം ചേരാനാഗ്രഹിച്ചതിനാല്‍ മക്കാ മസ്ജിദിലും സ്‌ഫോടനം നടത്തണമെന്നു ഞാനവരോട് പറഞ്ഞു. അജ്മീര്‍ ദര്‍ഗയിലേക്കു ധാരാളം ഹിന്ദുക്കളും ചെല്ലുന്നുണ്ട്. അത് അവസാനിപ്പിക്കാന്‍ അവിടെയും അലിഗഡ് മുസ്‌ലിം സര്‍വകലാശാലയിലും ബോംബ് പൊട്ടിക്കാന്‍ ഞാനവരോട് പറഞ്ഞു. സംജോതാ എക്‌സ്പ്രസ്സില്‍ യാത്രചെയ്യുന്നത് ഭൂരിഭാഗവും പാകിസ്താനികളായതിനാല്‍ അവിടെയും ബോംബ് പൊട്ടിക്കണമെന്ന നിര്‍ദേശം ജോഷിയുടേതായിരുന്നു. അതിന്റെ ഉത്തരവാദിത്തം ജോഷി ഏറ്റെടുക്കുകയും ചെയ്തു.
സ്‌ഫോടനത്തിന് ആവശ്യമായ സാമഗ്രികള്‍ ജോഷിതന്നെയാണു സംഘടിപ്പിച്ചത്. പല സംഘങ്ങളായി തിരിഞ്ഞാണു ഞങ്ങള്‍ പദ്ധതി നടപ്പാക്കിയിരുന്നത്. ഒരു സംഘം പിന്തുണ തേടും. മറ്റു സംഘങ്ങള്‍ പണം, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവ സംഘടിപ്പിക്കും. 2006ലെ മലേഗാവ് സ്‌ഫോടനം കഴിഞ്ഞപ്പോള്‍ ജോഷി എന്റെയടുക്കല്‍ വന്ന്, നമ്മളാണു സ്‌ഫോടനം നടത്തിയതെന്ന് അറിയിച്ചു. അന്നത്തെ പത്രത്തില്‍ മുസ്‌ലിംകളെ അറസ്റ്റ് ചെയ്ത വാര്‍ത്തയുണ്ടായിരുന്നു. മക്കാ മസ്ജിദില്‍ സ്‌ഫോടനം നടത്താന്‍ 40,000 രൂപ ജോഷിക്കു നല്‍കി. പത്രത്തില്‍ നല്ല വാര്‍ത്തകള്‍ക്കായി കാത്തിരിക്കാന്‍ ജോഷി പറഞ്ഞു. വൈകാതെ മക്കാ മസ്ജിദില്‍ സ്‌ഫോടനം നടന്നതിന്റെ വാര്‍ത്ത പത്രത്തില്‍ വന്നു. തുടര്‍ന്നുള്ള ദിവസത്തെ തെലുങ്കുപത്രം ജോഷി എനിക്കു കൊണ്ടുവന്നു തന്നു. മുസ്‌ലിംയുവാക്കളെ കസ്റ്റഡിയിലെടുത്ത വാര്‍ത്ത അതിലുമുണ്ടായിരുന്നു- അസിമാനന്ദ പറയുന്നു. സംജോതാ സ്‌ഫോടനക്കേസില്‍ ഇപ്പോള്‍ എന്‍.ഐ.എ കസ്റ്റഡിയിലാണ് അസിമാനന്ദ.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ