ಶನಿವಾರ, ಜನವರಿ 22, 2011

മാറാട് കേസ്: ഹിന്ദു ഐക്യവേദി നേതാവിന് ജീവപര്യന്തം

Marad Case culprit Suresh (HIV state secretary)
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി തെക്കേത്തൊടി സുരേഷിനെ കോടതിയില്‍ നിന്നു വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോവുന്നു
കോഴിക്കോട്: ഒന്നാം മാറാട് സംഭവത്തില്‍ പരീച്ചന്റകത്ത് കുഞ്ഞിക്കോയ(32)യെ കൊലപ്പെടുത്തിയ കേസില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിയും മാറാട് അരയസമാജം മുന്‍ സെക്രട്ടറിയുമായ തെക്കേത്തൊടി സുരേഷ് അടക്കം മൂന്നു പ്രതികള്‍ക്കു ജീവപര്യന്തം തടവ്. കുറ്റവാളികള്‍ 25,000 രൂപ വീതം പിഴയടയ്ക്കാനും വിധിച്ചു. മാറാട് പ്രത്യേക കോടതി ജഡ്ജി സോഫി തോമസാണു ശിക്ഷ വിധിച്ചത്. കേസിലെ രണ്ടാംപ്രതിയായ സുരേഷിനെ കൂടാതെ ഒന്നാംപ്രതി കോരന്റകത്ത് ബിബീഷ് (37), മൂന്നാംപ്രതി ചോയിച്ചന്റകത്ത് വിജേഷ് (31) എന്നിവരെയാണു ശിക്ഷിച്ചത്. ഐ.പി.സി 143 (അന്യായമായി സംഘംചേരല്‍) പ്രകാരം മൂന്നുമാസം തടവും 148 (ആയുധനിയമ ലംഘനം) പ്രകാരം രണ്ടുവര്‍ഷം തടവും 153 എ (മതസ്പര്‍ധയുണ്ടാക്കല്‍) പ്രകാരം രണ്ടുവര്‍ഷം തടവും 302 (കൊലപാതകം) പ്രകാരം ജീവപര്യന്തം തടവും 25,000 രൂപ വീതം പിഴയുമാണു ശിക്ഷ. തടവുശിക്ഷ ഒന്നിച്ചനുഭവിച്ചാല്‍ മതി. പിഴയടയ്ക്കുന്ന തുകയില്‍നിന്ന് 50,000 രൂപ കുഞ്ഞിക്കോയയുടെ കുടുംബത്തിനു നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. പിഴയടയ്ക്കാതിരുന്നാല്‍ രണ്ടുവര്‍ഷം കൂടി കഠിനതടവ് അനുഭവിക്കണമെന്നും കോടതി ഉത്തരവിട്ടു. വിധി പ്രഖ്യാപിക്കാനായി ഇന്നലെ രാവിലെ 11നു കോടതി ചേര്‍ന്നപ്പോള്‍ പ്രതികള്‍ക്കെന്തെങ്കിലും പറയാനുണ്ടോ എന്നാരാഞ്ഞു. വയസ്സായ അമ്മയും ഭാര്യയും പ്രായപൂര്‍ത്തിയായതും ബുദ്ധിമാന്ദ്യമുള്ളതുമായ ഒരാള്‍ ഉള്‍പ്പെടെ രണ്ടു മക്കളും തന്റെ സംരക്ഷണയിലാണെന്നും ശിക്ഷയില്‍ ഇളവു നല്‍കണമെന്നും സുരേഷ് കോടതിയോട് അപേക്ഷിച്ചു. വയസ്സായ അമ്മയും ഭാര്യയും മക്കളുമുള്ളതിനാല്‍ ശിക്ഷയില്‍ ഇളവുനല്‍കണമെന്നു മറ്റു രണ്ടു പ്രതികളും ആവശ്യപ്പെട്ടു. ശേഷം പിരിഞ്ഞ കോടതി 12.45നു വീണ്ടും ചേര്‍ന്നാണു വിധി പ്രഖ്യാപിച്ചത്. സാക്ഷരതയുടെ കാര്യത്തിലും മറ്റും ഒന്നാംസ്ഥാനത്താണു ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുമ്പോള്‍ മതസഹിഷ്ണുതയുടെ കാര്യത്തില്‍ നിരക്ഷരരും അന്ധരുമാണെന്നാണ് ഇത്തരം സംഭവങ്ങള്‍ വ്യക്തമാക്കുന്നതെന്നു വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. പ്രതികളെ പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലേക്കു കൊണ്ടുപോയി. ഒന്നാം മാറാട് സംഭവത്തില്‍ അബൂബക്കറെ കൊലപ്പെടുത്തിയ കേസില്‍ അഞ്ചുവര്‍ഷം തടവിനു വിധിക്കപ്പെട്ട സുരേഷ് ജാമ്യത്തിലായിരുന്നു.2002 ജനുവരി മൂന്നിനു രാത്രി എട്ടുമണിയോടെ മാറാട് കടപ്പുറത്ത് ഇരുവിഭാഗങ്ങള്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തില്‍ ആദ്യം കൊലചെയ്യപ്പെട്ടത് കുഞ്ഞിക്കോയയായിരുന്നു.
Kunhikkoya Marad (Who killed by Suresh)
കുഞ്ഞിക്കോയ
മാറാട് ജുമാമസ്ജിദിനു മുമ്പില്‍ വച്ച് അരയസമാജം സെക്രട്ടറി സുരേഷ് അടക്കമുള്ളവര്‍ ആയുധവുമായി വന്നു കൊലപാതകം നടത്തിയെന്ന ദൃക്‌സാക്ഷിമൊഴി വിലപ്പെട്ട തെളിവായി കോടതി സ്വീകരിച്ചു. മൊത്തം എട്ടു പ്രതികളുണ്ടായിരുന്ന കേസില്‍ നാലു മുതല്‍ എട്ടുവരെ പ്രതികളായ കണ്ണന്റെപുരയില്‍ ശിവദാസന്‍ (65), ചോയിച്ചന്റകത്ത് അനില്‍കുമാര്‍ എന്ന ആനു (42), തെക്കേത്തൊടി മധു (40), കണ്ണന്റെപുരയില്‍ സുബോധ് (33), തെക്കേത്തൊടി പ്രജീഷ് (31) എന്നിവരെ കഴിഞ്ഞ ദിവസം വെറുതെവിട്ടിരുന്നു. പ്രോസിക്യൂഷനു വേണ്ടി അഡ്വ. കെ വി ജോസഫും പ്രതികള്‍ക്കുവേണ്ടി അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും പി പി സുരേന്ദ്രനും ഹാജരായി.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ