ಸೋಮವಾರ, ನವೆಂಬರ್ 29, 2010

ഷാഹിനയ്‌ക്കെതിരെ വ്യാജ കേസ്: പ്രതിഷേധം ശക്തം

തിരുവനന്തപുരം: ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ അബ്ദുന്നസര്‍ മഅദനിക്കെതിരെ സാക്ഷിമൊഴി നല്‍കിയവരെ കണ്ട് റിപ്പോര്‍ട്ട് ശേഖരിച്ചുവെന്നതിന്റെ പേരില്‍ തെഹല്‍ക കേരള പ്രതിനിധി കെ.കെ ഷാഹിനക്കെതിരെ കര്‍ണാടക പോലീസ് വ്യാജ കേസ് രജിസ്റ്റര്‍ ചെയ്തതില്‍ പ്രതിഷേധം ശക്തമാവുന്നു. Shahina thehalak1 ഷാഹിനയ്‌ക്കെതിരെ വ്യാജ കേസ്: പ്രതിഷേധം ശക്തം  ഷാഹിനയ്‌ക്കെതിരേ വ്യാജക്കേസ് എടുത്ത കര്‍ണാടകാ പോലിസിന്റെ നടപടി പ്രതിഷേധാര്‍ഹവും അപലപനീയവുമാണെന്നു കേരള പത്രപ്രവര്‍ത്തക യൂനിയന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. ടെഹല്‍ക പ്രസിദ്ധീകരിച്ച ഒരു റിപോര്‍ട്ടുമായി ബന്ധപ്പെട്ടാണു ഷാഹിനയെ കള്ളക്കേസില്‍ കുടുക്കിയിരിക്കുന്നത്. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ സാക്ഷികളെ ഭീഷണിപ്പെടുത്തി മൊഴിമാറ്റാന്‍ ശ്രമിച്ചുവെന്നാണു കേസ്. റിപോര്‍ട്ട് തയ്യാറാക്കാന്‍ ഷാഹിന കുടക് സന്ദര്‍ശിച്ചിരുന്നു. ജോലിയുമായി ബന്ധപ്പെട്ട ഒരു മാധ്യമപ്രവര്‍ത്തകയുടെ യാത്രയെ കള്ളക്കേസിന് ആധാരമാക്കിയ കര്‍ണാടകാ പോലിസിന്റെ നടപടി തിരുത്തിയില്ലെങ്കില്‍ മാധ്യമപ്രവര്‍ത്തന രംഗത്തു പ്രത്യാഘാതങ്ങളുണ്ടാവും. മാധ്യമപ്രവര്‍ത്തകര്‍ക്കു ജോലിയുമായി ബന്ധപ്പെട്ട് യാത്രചെയ്യാനും വിവരങ്ങള്‍ ശേഖരിക്കാനും കഴിയാതാവും. തീര്‍ത്തും തൊഴില്‍പരമായ പ്രവര്‍ത്തനങ്ങളെ തെറ്റായരീതിയില്‍ വ്യാഖ്യാനിക്കുന്നതും മാനസികമായി പീഡിപ്പിക്കുന്നതും അവസാനിപ്പിക്കണം.
മാധ്യമസ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള കര്‍ണാടകാ പോലിസിന്റെ നീക്കം ആപല്‍ക്കരമാണ്. ജനാധിപത്യവ്യവസ്ഥയുടെ കടയ്ക്കല്‍ കത്തിവയ്ക്കുന്ന ഈ നടപടി എത്രയും പെട്ടെന്ന് അവസാനിപ്പിക്കുകയും കേസ് പിന്‍വലിക്കുകയും ചെയ്യണമെന്നും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
‘ഷാഹിന ബാംഗ്ലൂരില്‍ പോയത് മഅദനിക്കെതിരെയുള്ള കേസിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തക എന്ന നിലയില്‍ പഠിക്കുന്നതിനെക്കുറിച്ചാണ്. അത് മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യമാണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും മുന്‍ എം.പിയുമായ ഡോ. സെബാസ്റ്റിയന്‍ പോള്‍ പറഞ്ഞു. ഷാഹിനയുടെ കൂടിക്കാഴ്ചയെ ദുര്‍വ്യാഖ്യാനം ചെയ്ത് സാക്ഷികളെ ഭീഷണിപ്പെടുത്തുന്നതിനുള്ള ശ്രമമായി വ്യാഖ്യാനിക്കപ്പെട്ടു. സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ തടസപ്പെടുത്തുന്നതിനുള്ള പോലീസിന്റെ ശ്രമത്തിന്റെ ഭാഗമാണിത്.
മഅദനി കേസ് കര്‍ണാടക പോലീസ് കൈകാര്യം ചെയ്യുന്ന രീതി എങ്ങിനെയാണെന്നും ഇത് കാണിച്ചു തരുന്നുവെന്നും സെബാസ്റ്റിയന്‍ പോള്‍ പ്രതികരിച്ചു. കേസില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ള ദുരുദ്ദേശങ്ങളെന്താണെന്നും ഇത് വ്യക്തമാക്കുന്നുണ്ട്.
ജസ്റ്റിസ് ഫോര്‍ മഅദനി ഫോറത്തിന്റെ ചെയര്‍മാന്‍ എന്ന നിലയില്‍ ശനിയാഴ്ച അഗ്രഹാര ജയിലിലെത്തി മഅദനിയെ കണ്ടിരുന്നുവെന്നും അതിന് ശേഷം ഹോട്ടല്‍ ‘ഹാളില്‍’ നടത്തിയ വാര്‍ത്താ സമ്മേളനത്തിലും പോലീസ് ഇടപെടലുണ്ടായതായി സെബാസ്റ്റിയന്‍ പോള്‍ വ്യക്തമാക്കി.
വാര്‍ത്താ സമ്മേളനത്തിനിടെ രണ്ട് കര്‍ണാടക സ്വദേശികള്‍ കന്നഡ മാധ്യമപ്രവര്‍ത്തകരാണെന്ന് പറഞ്ഞ് എത്തുകയായിരുന്നു. ശേഷം പോലീസ് ഉദ്യോഗസ്ഥരുമെത്തി. പക്ഷെ അപ്പോഴേക്കും വാര്‍ത്താ സമ്മേളനം പൂര്‍ത്തിയായിരുന്നു. സ്ഥലത്തുണ്ടായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധിക്കുകയും ഹോട്ടലില്‍ വിപുലമായ പരിശോധന നടത്തുകയും ചെയ്തു.
പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന ഇത്തരം നീക്കങ്ങളില്‍ അസ്വാഭാവികതയും അപകട സൂചനയമുണ്ട്. തെഹല്‍ക ലേഖികക്കെതിരെ ദുരുപതിഷ്ഠിതമായ ആരോപണമാണ് പോലീസ് ഉന്നയിക്കുന്നത്. മഅദനി കേസില്‍ കര്‍ണാടക പോലീസിന് എത്രമാത്രം ദുരുദ്ദേശമുണ്ടെന്നതിന് തെളിവാണിത്. ഞങ്ങളുടെ പത്രസമ്മേളനത്തിനിടെയുണ്ടായ സംഭവവും അതാണ് സൂചിപ്പിക്കുന്നത്. പൗരസമൂഹം അതീവ ജാഗ്രതയോടെ കാണേണ്ടതാണിത്.
മഅദനിക്ക് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഇപ്പോള്‍ കോടതിയില്‍ നടക്കുന്ന കേസില്‍ തങ്ങള്‍ക്കനുകൂലമായ സാഹചര്യമുണ്ടാക്കാനാണ് കര്‍ണാടക പോലീസ് ശ്രമിക്കുന്നത്. മഅദനിക്ക് ജാമ്യം ലഭിക്കുന്നത് തടയുകയാണ് അവരുടെ ലക്ഷ്യമെന്ന് സെബാസ്റ്റിയന്‍ പോള്‍ ആരോപിച്ചു.
മാധ്യമപ്രവര്‍ത്തകരുടെ സ്വാതന്ത്ര്യത്തിന്‍മേലുള്ള കടന്നു കയറ്റമാണിതെന്ന് പത്രപ്രവര്‍ത്തക യൂനിയന്‍ നേതാവ് ഗൗരീദാസന്‍ നായര്‍ പറഞ്ഞു. മാധ്യമപ്രവര്‍ത്തകര്‍ ഒരു കേസിലെ സാക്ഷിയെയോ പ്രതിയെയോ കാണുന്നതും അവരുടെ അഭിപ്രായം രേഖപ്പെടുത്തുന്നതും ഇത്രയും കാലം അംഗീകരിക്കപ്പെട്ട് പോന്നതാണ്. അത് ഈ കേസില്‍ മാത്രം പാടില്ലെന്ന് പറയുന്നത് ദുരുദ്ദേശപരമാണ് അദ്ദേഹം ആരോപിച്ചു.
ഷാഹിന മുസ്‌ലിമാണെന്ന രീതിയില്‍ പ്രൊഫൈലിങ് നടക്കുന്നുവെന്നത് ഖേദകരമാണ്. ഏതെങ്കിലും ഒരു തരത്തില്‍ ഇസ്‌ലാമിക ബന്ധമുള്ള കേസില്‍ മുസ്‌ലിം പേരുള്ളവര്‍ ഇടപെടരുതെന്ന് പറയുന്ന രീതി ശരിയല്ല. ഇത് ദൗര്‍ഭാഗ്യകരമാണെന്നും ഗൗരീദാസന്‍ പറഞ്ഞു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ