ಗುರುವಾರ, ಡಿಸೆಂಬರ್ 23, 2010

മക്കാ മസ്‌ജിദ്‌ സ്‌ഫോടനം: ആര്‍.എസ്‌.എസ്‌ നേതാവിനെ സി.ബി.ഐ ചോദ്യംചെയ്‌തു

Indresh Kumar മക്കാ മസ്‌ജിദ്‌ സ്‌ഫോടനം: ആര്‍.എസ്‌.എസ്‌ നേതാവിനെ സി.ബി.ഐ ചോദ്യംചെയ്‌തു  ന്യൂഡല്‍ഹി: മക്കാ മസ്‌ജിദ്‌ സ്‌ഫോടനക്കേസില്‍ ആര്‍.എസ്‌.എസ്‌ ദേശീയ നിര്‍വാഹകസമിതിയംഗം ഇന്ദ്രേഷ്‌ കുമാറിനെ സി.ബി.ഐ ചോദ്യംചെയ്‌തു. മക്കാ മസ്‌ജിദ്‌, അജ്‌മീര്‍, സംജോതാ എക്‌സ്‌പ്രസ്‌ തുടങ്ങി രാജ്യത്തു നടന്ന വിവിധ സ്‌ഫോടനങ്ങള്‍ക്കു പണം നല്‍കിയതും ആക്രമണങ്ങളെ ഏകോപിപ്പിച്ചതും ഇന്ദ്രേഷാണെന്നു കണെ്‌ടത്തിയതിനെ തുടര്‍ന്നായിരുന്നു ചോദ്യംചെയ്യല്‍.
വ്യാഴാഴ്‌ച ചോദ്യംചെയ്യലിനു ഹാജരാവണമെന്ന്‌ ആവശ്യപ്പെട്ടുകൊണ്‌ടുള്ള സമന്‍സ്‌ സി.ബി.ഐ ബുധനാഴ്‌ച ആര്‍.എസ്‌.എസ്‌ ആസ്ഥാനത്ത്‌ എത്തിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്ദ്രേഷ്‌ കുമാര്‍ ഉച്ചയ്‌ക്ക്‌ ഒന്നരയോടെ സി.ബി.ഐ ആസ്ഥാനത്തു ചോദ്യംചെയ്യലിനു വിധേയനാവുകയായിരുന്നു. നാലുവര്‍ഷമായി ആര്‍.എസ്‌.എസ്‌ കേന്ദ്ര പ്രവര്‍ത്തകസമിതിയിലും അംഗമാണ്‌ ഇന്ദ്രേഷ്‌ കുമാര്‍.
മലേഗാവ്‌ കേസിലെ പ്രതികളുടെ മൊഴിയിലും അജ്‌മീര്‍ കേസിലെ കുറ്റപത്രത്തിലും ഇന്ദ്രേഷിന്റെ പേരുണെ്‌ടങ്കിലും മക്കാ മസ്‌ജിദ്‌ കേസിലാണ്‌ ഇപ്പോള്‍ ചോദ്യംചെയ്‌തിരിക്കുന്നത്‌. ആദ്യമായാണ്‌ ആര്‍.എസ്‌.എസിന്റെ ദേശീയനേതൃത്വത്തില്‍നിന്നൊരാള്‍ ഭീകരാക്രമണക്കേസില്‍ ചോദ്യംചെയ്യപ്പെടുന്നത്‌. അജ്‌മീര്‍ സ്‌ഫോടനവുമായി ഇതിനു ബന്ധമുള്ളതിനാല്‍ അതുസംബന്ധിച്ചു ചോദ്യംചെയ്യലില്‍ ലഭിക്കുന്ന വിവരങ്ങള്‍ കേസന്വേഷിക്കുന്ന രാജസ്ഥാന്‍ ഭീകരവിരുദ്ധ സേനയ്‌ക്കു സി.ബി.ഐ കൈമാറും. മധ്യപ്രദേശ്‌, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്‌, ജാര്‍ഖണ്ഡ്‌, ഗുജറാത്ത്‌ തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ വിവിധ പേരുകളില്‍ നിലനിന്നിരുന്ന ഹിന്ദുത്വ ഭീകരസംഘടനകളെ ഏകോപിപ്പിച്ചിരുന്നതും പണം നല്‍കിയിരുന്നതും ഇന്ദ്രേഷാണെന്ന്‌ മക്കാ മസ്‌ജിദ്‌ കേസില്‍ അറസ്റ്റിലായ സ്വാമി അസിമാനന്ദ ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു.
ഇന്ദ്രേഷിനെതിരേ വ്യക്തമായ തെളിവുകള്‍ സി.ബി.ഐക്ക്‌ ലഭിച്ചിട്ടുണെ്‌ടങ്കിലും കൂടുതല്‍ തെളിവുകള്‍ ലഭിച്ചതിനുശേഷം മാത്രമേ അറസ്റ്റ്‌ ചെയ്യൂവെന്നാണു സി.ബി.ഐവൃത്തങ്ങള്‍ നല്‍കുന്ന സൂചന. മലേഗാവ്‌, മൊദാസ, മക്കാ മസ്‌ജിദ്‌, നന്ദേഡ്‌, സംജോതാ എക്‌സ്‌പ്രസ്‌, അജ്‌മീര്‍ ദര്‍ഗ, ഡല്‍ഹി ജുമാ മസ്‌ജിദ്‌ തുടങ്ങി നിരവധി സ്ഥലങ്ങളില്‍ നടന്ന സ്‌ഫോടനങ്ങളെല്ലാം ഇന്ദ്രേഷിന്റെ നേതൃത്വത്തിലുള്ള ആസൂത്രണപ്രകാരമായിരുന്നുവെന്നാണ്‌ അസിമാനന്ദ വെളിപ്പെടുത്തിയിരിക്കുന്നത്‌. ഗൂഢാലോചനാ യോഗം മുതല്‍ ദൗത്യം പൂര്‍ത്തിയായപ്പോള്‍ നടത്തിയ ആഘോഷപരിപാടികളില്‍ വരെ ഇന്ദ്രേഷിനു പങ്കുണ്‌ടായിരുന്നു.
കേസിലെ പ്രതിയായ സുനില്‍ ജോഷി ഇന്‍ഡോറിലെ വീട്ടിനു മുന്നില്‍വച്ചു ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ടതിനു പിന്നില്‍ ഇന്ദ്രേഷിനുള്ള പങ്കു സംബന്ധിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്‌ട്‌. രഹസ്യം പുറത്താവാതിരിക്കാന്‍ ജോഷിയെ കൊലപ്പെടുത്തിയത്‌ ആര്‍.എസ്‌.എസുകാര്‍ തന്നെയാണെന്നു കണെ്‌ടത്തിയിരുന്നു. ഉപരാഷ്ട്രപതി ഹാമിദ്‌ അന്‍സാരി, ഗോധ്ര ട്രെയിന്‍ തീവയ്‌പ്‌ അന്വേഷിച്ച ബാനര്‍ജി കമ്മീഷന്‍ തലവന്‍ ജസ്റ്റിസ്‌ യു സി ബാനര്‍ജി എന്നിവരെയും കൊലപ്പെടുത്താന്‍ ഹിന്ദുത്വര്‍ ശ്രമം നടത്തിയതായി അസിമാനന്ദ സമ്മതിച്ചിട്ടുണ്‌ട്‌.
2007 മെയ്‌ 18ന്‌ വെള്ളിയാഴ്‌ച ജുമുഅയ്‌ക്കിടെയാണു മക്കാ മസ്‌ജിദില്‍ സ്‌ഫോടനം നടന്നത്‌. ഒമ്പതുപേര്‍ കൊല്ലപ്പെടുകയും 70 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തു

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ