ಗುರುವಾರ, ಡಿಸೆಂಬರ್ 09, 2010

ദയൂബന്ത്‌ ദാറുല്‍ഉലൂം പ്രിന്‍സിപ്പള്‍ മൗലാനാ മര്‍ഗൂബുര്‍റഹ്മാന്‍ ബിജ്‌നൂരിക്ക്‌ ആയിരങ്ങളുടെ യാത്രാമൊഴി

ಕ್ರಪೆ :ಕಾಸರಗೋಡ್ ವಾರ್ತೆ

ദയൂബന്ത്‌: പ്രഗല്‍ഭ മതപണ്ഡിതനും ദയൂബന്ത്‌ ദാറുല്‍ഉലൂം അറബിക്‌ കോളേജ്‌ പ്രിന്‍സിപ്പളുമായിരുന്ന മൗലാനാ മര്‍ഗൂബുര്‍റഹ്മാന്‍ ബിജ്‌നൂരി(96)ക്ക്‌ ആയിരങ്ങളുടെ യാത്രാമൊഴി. ബുധനാഴ്‌ച രാവിലെ 10.30ന്‌ ബിജ്‌നൂരിലെ സ്വവസതിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം വീട്ടില്‍ വിശ്രമജീവിതത്തിലായിരുന്നു.
മുപ്പത്‌ വര്‍ഷമായി ദാറുല്‍ഉലൂമിന്റെ പ്രിന്‍‍സിപ്പളായി സേവനമനുഷ്‌ഠിച്ചുവരികയായിരുന്നു. ഖാരി ത്വയ്യിബ്‌ മൗലായുടെ മരണത്തെ തുടര്‍ന്നാണ്‌ ഈ സ്ഥാനത്തേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്‌. ഹദീസ്‌ ശാസ്‌ത്രം, കര്‍മശാസ്‌ത്രം എന്നീ വിഷയങ്ങളില്‍ അഗാധകഴിവുണ്ടായിരുന്ന അദ്ദേഹം ഉത്തരേന്ത്യന്‍ മത പണ്ഡിതന്മാരുടെ ആശാകേന്ദ്രമായിരുന്നു.
മൂന്നു മണിയോടെ മയ്യിത്ത്‌ തന്റെ നീണ്ടകാലത്തെ പ്രവര്‍ത്തന കേന്ദ്രമായിരുന്ന ദയൂബന്തിലെ ദാറുല്‍ഉലൂമില്‍ എത്തിച്ച്‌ പൊതുദര്‍ശനത്തിന്‌ വെച്ചു. മരണവാര്‍ത്തയറിഞ്ഞ്‌ നാടിന്റെ നാനാഭാഗത്തും നിന്നും ആയിരക്കണക്കിനാളുകള്‍ ദാറുല്‍ഉലൂമിലും പരിസരത്തും തടിച്ചുകൂടിയിരുന്നു. സ്ഥാപനത്തിലെ ഏഴായിരത്തോളം വരുന്ന വിദ്യാര്‍ഥികളുടെയും നാട്ടുകാരുടെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും പണ്ഡിതന്മാരുടെയും തിരക്ക്‌ ദയൂബന്തിനെ ശരിക്കും സ്‌തംഭിപ്പിച്ചു. വന്‍ജനപ്രവാഹം കാരണം വളരെ വൈകിയേ ശേഷക്രിയകള്‍ നടത്താന്‍ കഴിഞ്ഞുള്ളൂ. രാത്രി എട്ടു മണിയോടെ ദയൂബന്ത്‌ ഖാസിമി ഖബറിസ്ഥാനില്‍ ഖബറടക്കി.
ആയിരക്കണക്കിന്‌ ശിഷ്യന്മാരുടെ ഗുരുവായിരുന്ന മര്‍ഗൂബുര്‍റഹ്മാന്‍ ബിജ്‌നൂരിക്ക്‌ അന്ത്യോപചാരമര്‍പ്പിക്കാനായി വിവിധ മത രാഷ്‌ട്രീയ സംഘടനാ നേതാക്കള്‍ എത്തിയിരുന്നു. ഈ മരണം ദാറുല്‍ഉലൂമിനെന്നപോലെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കുതന്നെ വന്‍ നഷ്‌ടമാണ്‌ വരുത്തിവെച്ചതെന്ന്‌ ജംഇയ്യത്തെ ഉലമായെ ഹിന്ദ്‌ നേതാവ്‌ മൗലാനാ അര്‍ശദ്‌ മദനി അനുശോചന യോഗത്തില്‍ പറഞ്ഞു.ദാറുല്‍ ഉലൂമിന്റെ വ്യവസ്ഥാപിതമായ പുനരുദ്ധാനത്തില്‍ അദ്ദേഹത്തിന്റെ പങ്ക്‌ അവിസ്‌മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജംഉയ്യത്തെ ഉലമായെ ഹിന്ദ്‌ നേതാക്കളായ മൗലാനാ ഖാരി മുഹമ്മദ്‌ ഉസ്‌മാന്‍ മന്‍സൂര്‍പുരി, മൗലാനാ മഹ്മൂദ്‌ മദനി എം.പി, ദാറുല്‍ ഉലൂം വഖ്‌ഫ്‌ നേതാക്കളായ മൗലാനാ മുഹമ്മദ്‌ സാലിം ഖാസിമി, മൗലാനാ മുഹമ്മദ്‌ അസ്‌ലം ഖാസിമി തുടങ്ങി അനവധി നേതാക്കള്‍ യോഗത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകള്‍ അനുസ്‌മരിച്ചുകൊണ്ട്‌ സംസാരിച്ചു. ഡല്‍ഹി ജുമാമസ്‌ജിദ്‌ ശാഹി ഇമാം മൗലാനാ സയ്യിദ്‌ അഹ്മദ്‌ ബുഖാരി അനുശോചനമറിയിച്ചു.
ഇന്ത്യയിലെതന്നെ സമുന്നത മതവിദ്യാഭ്യാസ സ്ഥാപനമായ ദയൂബന്ത്‌ ദാറുല്‍ഉലും അറബിക്‌ കോളേജിനെ ഉന്നതങ്ങളിലേക്ക്‌ വളര്‍ത്തിക്കൊണ്ടുവന്ന ഉത്തരേന്ത്യന്‍ മുസ്‌ലിംകളുടെ സമുന്നത നേതവാണ്‌ മൗലാനാ മര്‍ഗൂബുര്‍റഹ്മാന്‍ ബിജ്‌നൂരി. 1982ല്‍ നേരിട്ട ചില ഭരണപരമായ പ്രതിസന്ധിയില്‍നിന്നും സ്ഥാപനത്തെ രക്ഷിച്ച്‌ പുരോഗതിയുടെ പാതയിലേക്ക്‌ ഉയര്‍ത്തിക്കൊണ്ടുവന്നത്‌ അദ്ദേഹമായിരുന്നു. കേരളമടക്കം ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍നിന്നും അഫ്‌ഗാനിസ്ഥാന്‍പോലെ വിദേശ രാഷ്‌ട്രങ്ങളില്‍നിന്നുമുള്ള ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്‌ ഇവിടെ. സ്ഥാപനത്തെ പുനക്രമീകരിച്ച അദ്ദേഹം മതപഠനത്തോടൊപ്പം ഇംഗ്ലീഷ്‌, കമ്പ്യൂട്ടര്‍, ജേര്‍ണലിസം പോലെയുള്ള ആധുനിക പഠന വിഷയങ്ങള്‍ക്കും പ്രാമുഖ്യം നല്‍കി. രാഷ്‌ട്രീയത്തിന്റെ കടന്നുകയറ്റത്തില്‍നിന്നും സ്ഥാപനത്തെ സംരക്ഷിച്ചു.
1914ല്‍ ബിജ്‌നൂരിലെ ഒരു പണ്ഡിത കുടുംബത്തിലായിരുന്നു മര്‍ഗൂബുര്‍റഹ്മാന്‍ സാഹിബിന്റെ ജനനം. കുടുംബപരമ്പര അബൂബക്‌ര്‍ സ്വിദ്ദീഖ്‌(റ)വിലേക്ക്‌ ചെന്നുമുട്ടുന്നു. ബിജ്‌നൂരിലെ മദ്‌റസ റഹീമിയ്യയില്‍നിന്നും പ്രാഥമിക പഠനം നടത്തി. 1929ല്‍ മതമേഖലയിലെ ഉപരിപഠനത്തിനായി ദയൂബന്ത്‌ ദാറുല്‍ഉലൂമില്‍ ചേര്‍ന്നു. ശൈഖുല്‍ ഇസ്‌ലാം ഹള്‌റത്ത്‌ മൗലാനാ സയ്യിദ്‌ ഹുസൈന്‍ മദനിയായിരുന്നു പ്രധാന അഥ്യാപകന്‍. അവിടെനിന്ന്‌ ഫിഖ്‌ഹിലും ഹദീസിലും അഗാധ പാണ്ഡിത്യം നേടി. കുടുംബത്തിന്‌ നേരത്തെ തന്നെ ദാറുല്‍ ഉലൂമുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതിനാല്‍ പഠന ശേഷം സ്ഥാപനത്തില്‍ തന്നെ സേവനമനുഷ്‌ഠിക്കാന്‍ അവസരമുണ്ടായി. താമസിയാതെ മജ്‌ലിസെ ശൂറയില്‍ അംഗമാവുകയും ചെയ്‌തു. മൗലാനാ ഖാരി മുഹമ്മദ്‌ ത്വയ്യിബ്‌ സാഹിബായിരുന്നു അന്നത്തെ പ്രിന്‍സിപ്പള്‍. കുറേ കാലം അദ്ദേഹത്തിന്റെ അസിസ്റ്റന്റായി സേവനമനുഷ്‌ഠിച്ചു. 1981ല്‍ അദ്ദേഹത്തിന്റെ മരണശേഷം പ്രിന്‍സിപ്പളായി തെരഞ്ഞെടുക്കപ്പെട്ടു.
ദാറുല്‍ഉലൂം മലയാളി വിദ്യാര്‍ത്ഥി സംഘടന കേരള സ്റ്റുഡന്‍സ്‌ ഫെഡറേഷന്‍ അനുശോചന യോഗം നടത്തി. മുഹമ്മദ്‌ ഖാസിമി വാണിമേല്‍, ശാഫി ഖാസിമി, ജബ്ബാര്‍ ഖാസിമി, ഉസ്‌മാന്‍ ഖാസിമി തുടങ്ങിയവര്‍ സംബന്ധിച്ചു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ