ಶನಿವಾರ, ಜನವರಿ 01, 2011

അജ്മീര്‍ സ്‌ഫോടനം: സുരേഷ് നായര്‍ കേരളത്തിലെ ആര്‍.എസ്.എസ് കേന്ദ്രത്തില്‍ ഒളിവിലെന്നു സൂചന

കോഴിക്കോട്: രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗ സ്‌ഫോടനവുമായി ബന്ധമുണ്ടെന്നു രാജസ്ഥാന്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് (എ.ടി.എസ്) കണ്ടെത്തിയ കൊയിലാണ്ടിക്കടുത്ത കുറുവങ്ങാട് സ്വദേശി സുരേഷ് നായര്‍ എന്ന സുരേഷ് കുമാര്‍ (33) കേരളത്തിലെ ആര്‍.എസ്.എസ് കേന്ദ്രങ്ങളില്‍ ഒളിവില്‍ക്കഴിയുന്നതായി സൂചന.
2007ലായിരുന്നു മൂന്നുപേരുടെ മരണത്തിനും 30 പേരുടെ ഗുരുതരമായ പരിക്കിനും ഇടയാക്കിയ സ്‌ഫോടനം നടന്നത്. കേസ് അന്വേഷിക്കുന്ന രാജസ്ഥാന്‍ തീവ്രവാദവിരുദ്ധ സ്‌ക്വാഡിന്റെ നിര്‍ദേശാനുസരണം ദേശീയ അന്വേഷണ ഏജന്‍സി(എന്‍.ഐ.എ)യുടെ കേരളത്തിലെ ഉദ്യോഗസ്ഥരും സംസ്ഥാന ആഭ്യന്തര സുരക്ഷാ സ്‌ക്വാഡും (ഐ.എസ്.ടി) ഇതുസംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചുതുടങ്ങി. കേരളത്തിലെ ആര്‍.എസ്.എസ് നേതാക്കളുമായി സുരേഷ് നായര്‍ക്കു ബന്ധമുണ്ടായിരുന്നുവെന്നതിനു പ്രാഥമിക സൂചനകള്‍ ലഭിച്ചതായി അറിയുന്നു. രാജസ്ഥാനില്‍നിന്നുള്ള അന്വേഷണസംഘം കോഴിക്കോട്ട് എത്തുന്നതോടെ കേരളത്തിലെ ആര്‍.എസ്.എസ് രഹസ്യകേന്ദ്രങ്ങളില്‍ പരിശോധന നടത്തുന്നതടക്കമുള്ള നടപടികള്‍ക്കു തുടക്കമാവും.
അജ്മീര്‍ ദര്‍ഗ സ്‌ഫോടനക്കേസില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട അഞ്ചുപേരില്‍ നാലുപേരും ആര്‍.എസ്.എസ് ബന്ധമുള്ളവരാണെന്ന് എ.ടി.എസ് നേരത്തേ വ്യക്തമാക്കിയിരുന്നു. ആര്‍.എസ്.എസ് ജില്ലാ പ്രചാരക് ദേവേന്ദ്ര ഗുപ്ത (ജാര്‍ഖണ്ഡ്), പ്രചാരക് ലോകേഷ് ശര്‍മ, ജില്ലാ സമ്പര്‍ക്ക പ്രമുഖ് ചന്ദ്രശേഖര്‍ ലാവെ, പ്രചാരക് സന്ദീപ് ഡാങ്കെ (മധ്യപ്രദേശ്) എന്നിവരാണ് എ.ടി.എസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഉള്‍പ്പെട്ടത്.
കൊയിലാണ്ടി കണയങ്കോട് ഒതയോത്ത് ദാമോദരന്‍ നായരുടെയും ചെങ്ങോട്ടുകാവ് കോട്ടക്കുന്നുമ്മല്‍ കമലയുടെയും മകനായ സുരേഷ് ചെറുപ്പത്തിലേ ആര്‍.എസ്.എസ് പ്രവര്‍ത്തകനായിരുന്നു. ഇയാള്‍ ഗുജറാത്ത് കേന്ദ്രീകരിച്ചു പ്രചാരകനാണ് എന്നാണു കരുതുന്നത്. ആറുവര്‍ഷം മുമ്പു കേരളത്തില്‍ വന്ന ഇയാള്‍ അജ്മീര്‍ സ്‌ഫോടനശേഷം കേരളത്തില്‍ എത്തിയിട്ടുണ്ടെന്നാണു വിവരം. സ്‌ഫോടനസ്ഥലത്തേക്കു കാറില്‍ ബോംബുകളെത്തിച്ച നാലുപേര്‍ അടങ്ങിയ ആര്‍.എസ്.എസ് സംഘത്തില്‍ ഇയാള്‍ ഉള്‍പ്പെട്ടുവെന്നാണു തെളിവു ലഭിച്ചത്.
അജ്മീര്‍ സ്‌ഫോടനം സംബന്ധിച്ച ഗൂഢാലോചനയ്ക്കായി 2005 ഒക്ടോബര്‍ 31നു ഗുജറാത്തിസമാജം ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന യോഗത്തില്‍ മുതിര്‍ന്ന ആര്‍.എസ്.എസ് നേതാവ് ഇന്ദ്രേഷ് കുമാര്‍ പങ്കെടുത്തതായി എ.ടി.എസ് കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു. മലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ ദയാനന്ദ് പാണ്ഡെയാണ് അജ്മീര്‍ സംഭവം ആസൂത്രണം ചെയ്തതെന്നു മറ്റൊരു പ്രതിയായ ലഫ്. കേണല്‍ എസ് പി പുരോഹിത് എ.ടി.എസിനു മൊഴി നല്‍കിയിട്ടുണ്ട്.
അജ്മീര്‍ ദര്‍ഗ സ്‌ഫോടനവുമായി ബന്ധപ്പെട്ട് അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകനായ അജ്മീറിലെ ബിഹാരിഗഞ്ച് സ്വദേശി ദേവേന്ദ്ര ഗുപ്ത പിടിയിലായതോടെയാണു സംഭവങ്ങളുടെ ചുരുളഴിയുന്നത്. മലേഗാവ് സ്‌ഫോടനത്തിലെ മുഖ്യപ്രതി സാധ്വി പ്രജ്ഞാസിങ് ഠാക്കൂറുമായി ഇയാള്‍ക്കു ബന്ധമുണ്ടെന്ന് എ.ടി.എസ് കണ്ടെത്തി. ഇതോടെയാണു മൂന്നുവര്‍ഷമായി നടന്ന അന്വേഷണം വഴിത്തിരിവിലെത്തിയത്.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ