ಶನಿವಾರ, ನವೆಂಬರ್ 27, 2010

ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള ശ്രമം നടക്കില്ല: നാസറുദ്ദീന്‍ എളമരം

Aluva-Nasaruddeen
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലുവയില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷന്‍ സംസ്ഥാന പ്രസിഡന്റ് നസറുദ്ദീന്‍ എളമരം ഉദ്ഘാടനം ചെയ്യുന്നു
കൊച്ചി: പോപുലര്‍ ഫ്രണ്ടിനെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്നതു വെറും വ്യാമോഹം മാത്രമാണെന്നും ആശ്രമം നടക്കില്ലെന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന പ്രസിഡന്റ് നാസറുദ്ദീന്‍ എളമരം.
പോലിസ്-ഭരണകൂട ഭീകരതയ്‌ക്കെതിരേ പോപുലര്‍ ഫ്രണ്ട് ആലുവയില്‍ സംഘടിപ്പിച്ച സമര പ്രഖ്യാപന കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നതു പോപുലര്‍ ഫ്രണ്ടല്ല; ആഭ്യന്തരവകുപ്പും പോലിസുമാണ്. പ്രവാചകനെ നിന്ദിച്ച് ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകന്‍ ആക്രമിക്കപ്പെട്ട പ്രാദേശികസംഭവത്തിന്റെ പേരില്‍ നടക്കുന്ന ആസൂത്രിത ഗൂഢാലോചനയ്‌ക്കെതിരേ ബോധവല്‍ക്കരണം നടത്തും. പോലിസ്‌വേട്ടയും ഭരണകൂട ഭീകരതയും തുടരുന്നപക്ഷം ഭരണസിരാകേന്ദ്രങ്ങള്‍ സ്തംഭിപ്പിക്കുന്നതുള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ ആരംഭിക്കും. ഭരണകൂട ഭീകരതയ്‌ക്കെതിരേ ജനാധിപത്യരീതിയിലുള്ള പ്രക്ഷോഭസമരങ്ങള്‍ക്കു തുടക്കംകുറിച്ചതായും നാസറുദ്ദീന്‍ വ്യക്തമാക്കി.
മുസ്‌ലിംപക്ഷത്തു നിന്നുണ്ടാവുന്ന ചെറിയ ശബ്ദം പോലും രാജ്യദ്രോഹമെന്നു മുദ്രകുത്തി അടിച്ചൊതുക്കാനുള്ള ആസൂത്രിതശ്രമമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. എന്നാല്‍ രാജ്യം ശിഥിലമാക്കാന്‍ സംഘപരിവാര സംഘടനകള്‍ നടത്തുന്ന ശ്രമങ്ങളെ സംബന്ധിച്ച് യാതൊരു ചര്‍ച്ചയുമില്ല. മുസ്‌ലിം സമുദായസംഘടനകളെ ഓരോന്നായി പടിയടച്ചു പിണ്ഡംവയ്ക്കാനാണു ശ്രമം. ഇതിന്റെ ഭാഗമാണു പോപുലര്‍ ഫ്രണ്ടിനെതിരേയുള്ള നീക്കവും.
സി.പി.എമ്മും ബി.ജെ.പിയും കോണ്‍ഗ്രസ്സും കൈകോര്‍ത്തുപിടിച്ചാണ് അബ്ദുന്നാസിര്‍ മഅ്ദനിയെ നിശ്ശബ്ദനാക്കിയത്. യു.എ.പി.എ എന്ന ജനാധിപത്യവിരുദ്ധ കരിനിയമം നടപ്പാക്കി പോപുലര്‍ ഫ്രണ്ടിനെ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ ശ്രമം. നിയമലംഘനത്തിലൂടെ കേസ് തെളിയിക്കാനാണു പോലിസ് നീക്കം നടത്തുന്നത്. ശാസ്ത്രീയമായ അന്വേഷണത്തിലൂടെ കേസ് തെളിയിക്കുന്നതിനോടു സംഘടന പൂര്‍ണമായി സഹകരിക്കും. എന്നാല്‍ സംഭവത്തിന്റെ മറവില്‍ പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാനാണ് ശ്രമമെങ്കില്‍ അതു നടപ്പില്ല. മുസ്‌ലിം പോലിസ് ഉദ്യോഗസ്ഥരെപ്പോലും സംശയിക്കുന്നതരത്തില്‍ വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
Aluva Koya
പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ആലുവയില്‍ സംഘടിപ്പിച്ച സമരപ്രഖ്യാപന കണ്‍വന്‍ഷനില്‍ ദേശീയ നിര്‍വാഹക സമിതി അംഗം പ്രഫ. പി കോയ സംസാരിക്കുന്നു
മുസ്‌ലിം സമൂഹത്തിനെതിരേയും പോപുലര്‍ ഫ്രണ്ടിനെതിരേയും നടക്കുന്ന നിയമലംഘനങ്ങളെ നിയമപരമായി നേരിടുമെന്നു പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ നിര്‍വാഹക സമിതിയംഗം പ്രഫ. പി കോയ വ്യക്തമാക്കി. പൊതുധാരയിലേക്ക് മുസ്‌ലിംസമൂഹം കടന്നുവരുന്നതിനെ തടയുന്നതിനാണു ഫ്രീഡം പരേഡ് ഉള്‍പ്പെടെയുള്ള പൊതുപരിപാടികള്‍ നിരോധിക്കുന്നത്. പോപുലര്‍ ഫ്രണ്ടിനെ തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ പുതിയ ചരിത്രം പഠിക്കേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമലംഘന മാര്‍ഗത്തിലൂടെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തടവിലാക്കാനാണു പോലിസ് ശ്രമമെങ്കില്‍ സംസ്ഥാനത്തെ മുഴുവന്‍ പ്രവര്‍ത്തകരും ജയില്‍വാസത്തിന് തയ്യാറായിരിക്കുകയാണെന്നു സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് പറഞ്ഞു. പോപുലര്‍ ഫ്രണ്ട് എറണാകുളം ജില്ലാ പ്രസിഡന്റ് ടി എം മൂസ സംസാരിച്ചു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ