ಗುರುವಾರ, ಮಾರ್ಚ್ 24, 2011

മതേതര ജനാധിപത്യ മുന്നണിയും എസ്.ഡി.പി.ഐയും സംയുക്തമായി 140 മണ്ഡലങ്ങളിലും മല്‍സരിക്കും: രാംവിലാസ് പാസ്വാന്‍

sdf
എസ്.ഡി.എഫ്-എസ്.ഡി.പി.ഐ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് സംസാരിക്കുന്നു
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക് ജനശക്തി നേതൃത്വം നല്‍കുന്ന മതേതര ജനാധിപത്യ മുന്നണി(എസ്.ഡി.എഫ്)യും എസ്.ഡി.പി.ഐയും ചേര്‍ന്ന് കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലും മല്‍സരിക്കുമെന്ന് ലോക് ജനശക്തി പാര്‍ട്ടി ദേശീയ പ്രസിഡന്റ് രാംവിലാസ് പാസ്വാന്‍, എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് എന്നിവര്‍ സംയുക്ത  വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ലോക് ജനശക്തിയെ കൂടാതെ കേരള ദലിത് പാന്തേഴ്‌സ് (കെ.ഡി.പി), റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ (ആര്‍.പി.ഐ), പീപ്പിള്‍സ് ഗ്രീന്‍ പാര്‍ട്ടി (പി.ജി.പി), ലെഫ്റ്റ് ബഹുജന്‍ ഫോറം (എല്‍.ബി.എഫ്), സെക്കുലര്‍ നാഷനല്‍ ദ്രാവിഡ പാര്‍ട്ടി (എസ്.എന്‍.ഡി.പി) എന്നിവരാണ് മതേതര ജനാധിപത്യമുന്നണിയില്‍ ഉള്ളത്.
പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിലാണ് മുന്നണി രൂപീകരിച്ചിരിക്കുന്നത്. നിലവില്‍ കേരളത്തില്‍ മാത്രമാണ് രൂപീകരിച്ചിരിക്കുന്നതെങ്കിലും തമിഴ്‌നാട്, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലെ പാര്‍ട്ടികളുമായി സഹകരിച്ച് അവിടങ്ങളിലും മുന്നണി രൂപീകരിക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മതേതരമുന്നണി മല്‍സരിക്കുന്ന മണ്ഡലങ്ങളില്‍ എസ്.ഡി.പി.ഐയും എസ്.ഡി.പി.ഐ  മല്‍സരിക്കുന്ന മണ്ഡലങ്ങൡ മതേതരമുന്നണിയും പരസ്പരം പിന്തുണ നല്‍കാനാണ് ധാരണയെന്നും രാംവിലാസ് പാസ്വാന്‍ വ്യക്തമാക്കി. എസ്.ഡി.എഫ് സ്ഥാനാര്‍ഥികള്‍ ലോക് ജനശക്തിയുടെ ചിഹ്നത്തിലും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥികള്‍ അവര്‍ക്ക് അനുവദിച്ചിരിക്കുന്ന ചിഹ്നത്തിലുമായിരിക്കും മല്‍സരിക്കുക. എസ്.ഡി.എഫ് സ്ഥാനാര്‍ഥികളുടെ പട്ടികയും ഏതൊക്കെ മണ്ഡലത്തിലാണ് മല്‍സരിക്കുന്നത് എന്ന വിവരവും അടുത്ത ദിവസം പ്രഖ്യാപിക്കും. കേരളത്തില്‍ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും ശക്തമായ വെല്ലുവിളിയായി എസ്.ഡി.എഫ് മാറും.
ജനങ്ങള്‍ക്ക് സാമൂഹികനീതിയും ക്ഷേമവും വികസനവും ഉറപ്പാക്കുന്നതിനു പകരം അഴിമതിയുടെയും നിയമലംഘനത്തിന്റെയും കാര്യത്തിലും ആരാണ് മുന്നിലെന്നു തെളിയിക്കുന്നതിനായി കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും പരസ്പരം മല്‍സരിക്കുകയാണ്. ഭൂമിയില്ലാത്തവര്‍ക്ക് ഭൂമി, എല്ലാവര്‍ക്കും വീട്, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, സാമൂഹിക നീതി, തൊഴില്‍ എന്നിവ ഉറപ്പാക്കല്‍, ദലിത് ക്രൈസ്തവര്‍ക്കും മുസ്‌ലിംകള്‍ക്കും സ്വകാര്യമേഖലയിലും നീതിന്യായ വ്യവസ്ഥയിലും സംവരണം, ലോക്‌സഭയിലും നിയമസഭയിലും വനിതാസംവരണം, മനുഷ്യാവകാശ സംരക്ഷണം, കമ്മ്യൂണിസത്തിന് ബദലായി മതേതര ജനാധിപത്യ രാജ്യനിര്‍മാണം എന്നിവയാണ് മതേതര ജനാധിപത്യ മുന്നണി മുന്നോട്ടുവെക്കുന്നതെന്നും രാംവിലാസ് പാസ്വാന്‍ പറഞ്ഞു.
ദേശീയതലത്തില്‍ നടന്ന മൂന്നാം മുന്നണി പരീക്ഷണങ്ങള്‍ പരാജയപ്പെടാന്‍ കാരണം ഇത്തരം പരീക്ഷണങ്ങള്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ്സോ ബി.ജെ.പിയോ ഉണ്ടായിരുന്നുവെന്നതിനാലാണ്. വിക്കിലീക്‌സിന്റെ വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനും ബി.ജെ.പിക്കും ഒരുപോലെ പ്രയാസമുണ്ടാക്കുന്നതാണെന്ന്  ചോദ്യത്തിനു മറുപടിയായി പാസ്വാന്‍ പറഞ്ഞു. വോട്ടിനു കോഴ പ്രശ്‌നത്തില്‍ നേരത്തെത്തന്നെ വിവിധ ഏജന്‍സികളെ ബന്ധിപ്പിച്ച് വിപുലമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നിരുന്നു. പാര്‍ലമെന്റില്‍ ബി.ജെ.പി ഇപ്പോള്‍ നടത്തുന്ന നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മുമ്പുള്ളതില്‍ നിന്നു വ്യത്യസ്തമായി നിലവില്‍ ഇടതുപക്ഷത്തിനും വലതുപക്ഷത്തിനും തങ്ങള്‍ എത്ര സീറ്റു നേടുമെന്ന് ഉറപ്പിച്ചു പറയാന്‍ പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളതെന്ന് ചോദ്യത്തിനു മറുപടിയായി എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ് പറഞ്ഞു. തിരെഞ്ഞപ്പോടെ എസ്.ഡി.പി.ഐ കേരളത്തിലെ നിര്‍ണായക രാഷ്ട്രീയശക്തിയായി മാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതേതര ജനാധിപത്യ മുന്നണിയിലെ വിവിധ രാഷ്ട്രീയപാര്‍ട്ടികളെ പ്രതിനിധീകരിച്ച് അബ്ദുല്‍ ഖാലിക്, പ്രഫ. ഒ കെ യാദവ്, വി ഐ ബോസ്, കെ അംബുജാക്ഷന്‍, അസ്മല്‍ അഹമ്മദ് ഖാന്‍, മെഹബൂബ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
മതേതര ജനാധിപത്യ മുന്നണി പ്രഖ്യാപനവും പൊതുമിനിമം പരിപാടിയിലൂന്നിയ പ്രകടനപത്രികാ പ്രകാശനവും മുന്‍ കേന്ദ്രമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി ദേശീയ നേതാവുമായ രാംവിലാസ് പാസ്വാന്‍ നിര്‍വഹിച്ചു. മുന്നണി ചെയര്‍മാന്‍ തോമസ് മാത്യു അധ്യക്ഷത വഹിച്ചു. സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ്.ഡി.പി.ഐ) ദേശീയ സെക്രട്ടറി എം കെ മൊയ്തീന്‍കുട്ടി ഫൈസി,  സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ പി മുഹമ്മദ് ശരീഫ്, എസ്.ഡി.എഫ് വര്‍ക്കിങ് ചെയര്‍മാന്‍ കെ അംബുജാക്ഷന്‍, സാമൂഹിക പിന്നാക്ക മുന്നണി ചെയര്‍മാന്‍ എ പി ഇബ്രാഹിംകുട്ടി, എസ്.ഡി.എഫ്  കണ്‍വീനര്‍ വി ഐ ബോസ്, സെക്കുലര്‍ നാഷനല്‍ ദ്രാവിഡ പാര്‍ട്ടി നേതാവ് എസ് സുവര്‍ണകുമാര്‍, രമാ ജോര്‍ജ്, എം മെഹബൂബ്, പ്രഫ. ഒ കെ യാദവ് സംസാരിച്ചു. 20 ഇന പൊതുമിനിമം പരിപാടിയിലധിഷ്ഠിതമായ പ്രകടനപത്രിക സാമൂഹിക പിന്നാക്ക മുന്നണി ചെയര്‍മാന്‍ എ പി ഇബ്രാഹിംകുട്ടിക്കു നല്‍കി പാസ്വാന്‍ പ്രകാശനം ചെയ്തു.

ಕಾಮೆಂಟ್‌ಗಳಿಲ್ಲ:

ಕಾಮೆಂಟ್‌‌ ಪೋಸ್ಟ್‌ ಮಾಡಿ